വിളവെടുപ്പിനു ശേഷമുള്ള രാസ പരിചരണം

Description

മുളയുടെ രാസിക പരിരക്ഷണോപാധികള്‍

മരത്തടികള്‍ക്കും സമാനവസ്തുക്കള്‍ക്കും പകരമായി ഉപയോഗിക്കാന്‍ തക്കവണ്ണം നിരവധി പ്രയോജനങ്ങളുള്ളതാണെങ്കിലും മുളകള്‍ക്ക് കാര്യമായ ഒരു പോരായ്മയുണ്ട്. എളുപ്പത്തില്‍ ജൈവികാപചയത്തിനു വിധേയമാകുമെന്നതാണത്. നിരവധി കീടങ്ങളും പൂപ്പലുകളും മുളയെ ആക്രമിക്കുന്നു.ഇവ കാരണം പലപ്പോഴും നിശ്ചിത ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത വിധം ഇത് നാശോډുഖമാകുകയും മുള കൊണ്ടുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ വികൃതമാകുകയും ചെയ്യാറുണ്ട്.
ഭാഗ്യവശാല്‍, ഈ പ്രശ്നം മറികടക്കാന്‍ അനവധി ഉപായങ്ങള്‍ ലഭ്യമാണ്. മുളകള്‍ എന്താവശ്യത്തിനെടുക്കുന്നു; ഈര്‍പ്പം, ഇതര കാലാവസ്ഥാവ്യതിയാനങ്ങള്‍ എന്നിവയ്ക്കു വിധേയമാകുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചാണ് അനുയോജ്യമായ പ്രതിവിധി സ്വീകരിക്കുന്നത്.
കരകൗശലവസ്തുക്കള്‍ മാത്രമാണ് ഈ വിഭാഗത്തില്‍ പരിഗണിച്ചിട്ടുള്ളത്; അതിനാല്‍ ഇവിടെ ചര്‍ച്ച ചെയ്യുന്ന രാസികോപാധികള്‍ ഗൃഹാന്തര്‍ഭാഗത്തുപയോഗിക്കുന്ന മുളയുല്‍പ്പന്നങ്ങളിലും അലങ്കാര/ചമയവസ്തുക്കളിലും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ജൈവികാപചയം നേരിടാനുള്ള പാരമ്പര്യമാര്‍ഗങ്ങള്‍
ജലനിമജ്ജനം
കീടബാധ ഒഴിവാക്കാന്‍ വേണ്ടി സാധാരണ ചെയ്യുക, മുറിച്ചെടുത്ത പുത്തന്‍മുളകുറെ ആഴ്ചകളോളം വെള്ളത്തില്‍ മുക്കിയിടുകയെന്നതാണ്. കോശങ്ങളിലുള്ള എന്‍സൈമുകളുടെ പ്രവര്‍ത്തനം കാരണമായി മുളന്തണ്ടിലെ അന്നജാംശം കുറഞ്ഞുവരാന്‍ ഇതു സഹായിക്കുന്നു.
പുകയേല്‍ല്‍പ്പിക്കല്‍
മരക്കഷണങ്ങള്‍ കത്തിച്ചുണ്ടാകുന്ന പുക നിരന്തരമായി തട്ടിക്കുന്നതിലൂടെ ചില രാസദ്രവ്യങ്ങള്‍ മുളകള്‍ക്കുള്ളില്‍ കടന്നു പ്രവര്‍ത്തിക്കുകയും കീടങ്ങള്‍ക്കും പൂപ്പലിനുമെതിരെ ഇവയ്ക്ക് പ്രതിരോധശക്തി നേടിക്കൊടുക്കുകയും ചെയ്യും.
രാസികോപാധികള്‍
10% വീര്യമുള്ള ബൊറാക്സ് – ബോറിക് ആസിഡ് മിശ്രിതം 3:2 അനുപാതത്തില്‍, ജലവുമായി ചേര്‍ത്തു തയാറാക്കി മുളകളില്‍ പുരട്ടാവുന്നതാണ്. ജലവുമായോ ഈര്‍പ്പവുമായോ നിരന്തരസമ്പര്‍ക്കം ഇല്ലാതെയിരിക്കുന്ന അവസരങ്ങളിലാണ് ഇത് പ്രയോജനപ്പെടുക. ഉദാ: കെട്ടിടങ്ങള്‍, ഫര്‍ണിച്ചറുകള്‍, കരകൗശലവസ്തുക്കള്‍ മുതലായവ. പ്രവൃത്തിബാഹുല്യം, ചിലവ് എന്നിവ കണക്കിലെടുത്ത് ഇത് അനേകം വിധത്തില്‍ പ്രാവര്‍ത്തികമാക്കാവുന്നതാണ്.
1. സ്റ്റീപ്പിംഗ് രീതി: പുതുതായി മുറിച്ച മുളങ്കമ്പുകള്‍ അനുയോജ്യമായ ഒരു പാത്രത്തില്‍ ഒഴിച്ചുവച്ചിരിക്കുന്ന രാസദ്രാവകത്തില്‍ കുത്തനെ ഇറക്കി ഒരാഴ്ചയോ അതില്‍ കൂടുതലോ വയ്ക്കണം. കമ്പുകളുടെ അടിഭാഗം 20 സെ.മീറ്ററോളം ഈ ദ്രാവകത്തില്‍ മുങ്ങിയിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
2. ഡിപ് ട്രീറ്റ്മെന്‍റ് രീതി: ചെറിയ എണ്ണത്തിലോ വലുപ്പത്തിലോ മാത്രമാണ് മുളയുല്‍പ്പന്നങ്ങളുള്ളതെങ്കില്‍ ചെറിയഒരു ടാങ്കിലോ, പാത്രത്തിലോ നിറച്ചിട്ടുള്ള രാസലായനിയില്‍ അവ മുക്കിയിട്ടിരുന്നാല്‍ മാത്രം മതിയാകും. കുറച്ചു ദിവസങ്ങളാണ് ഇതിനു വേണ്ടിവരിക. മുളന്തണ്ടോ, മുറിച്ച കഷണങ്ങളോ, നിര്‍മിതവസ്തുക്കളോ ഇത്തരത്തില്‍ ചെയ്യാന്‍ സാധിക്കും. മുളന്തണ്ട് പിളര്‍ക്കാതെയാണെടുക്കുന്നതെങ്കില്‍ അതിന്‍റെ പര്‍വത്തിനുള്ളിലുള്ള സ്തരത്തില്‍ ഇരുമ്പുകമ്പി കൊണ്ട് ഒരു ദ്വാരമുണ്ടാക്കിയിരിക്കണം. രാസദ്രവ്യം മുളയ്ക്കുള്ളില്‍ വ്യാപിക്കുന്നതിനുവേണ്ടിയാണിപ്രകാരം ചെയ്യുന്നത്. ഈ രാസലായനി പലതവണ പുനരുപയോഗിക്കാവുന്നതാണ്.
3. ബൗഷ്റി രീതി:ഒരു കമ്പ്രസറിന്‍റെയോ അല്ലെങ്കില്‍ കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കാവുന്ന സാധാരണ എയര്‍ പമ്പിന്‍റെയോ സഹായത്തോടു കൂടി, രാസലായനി നിറച്ച ഒരു ശേഖരണിയില്‍ നിന്ന്, പുതുതായി മുറിച്ച മുളയുടെ ഉള്ളിലേക്ക് ശക്തമായ മര്‍ദത്തില്‍ രാസദ്രവ്യം കടത്തിവിടുന്ന സമ്പ്രദായമാണിത്. പുതുമുളയുടെ നീരിനു പകരമായിരാസദ്രാവകം ഉള്ളില്‍ നിറയുകയാണിവിടെ സംഭവിക്കുക. കമ്പ്രസറോ പമ്പോ ലഭ്യമല്ലെങ്കില്‍ ഭൂഗുരുത്വത്തിനനുസൃതമായും ഈ പ്രക്രിയ അനുവര്‍ത്തിക്കാവുന്നതാണ്.ആവശ്യത്തിനു വ്യാസമുള്ള ഒരു റബര്‍ ട്യൂബ്, മുറിച്ച മുളയുടെ കീഴ്ഭാഗത്ത് ഒരു ക്ലാമ്പിന്‍റെ സഹായത്താല്‍ ദ്രാവകം ഒട്ടും പുറത്തുവരാത്തവണ്ണം മുറുക്കെ കെട്ടിയുറപ്പിക്കണം. 20-25 പി.എസ്.ഐ മര്‍ദം പ്രയോഗിച്ചു കഴിയുമ്പോള്‍ രാസദ്രാവകം മുളയുടെ ഭിത്തിക്കുള്ളില്‍ കടന്ന് അതിന്‍റെ സ്വഭാവികനീരിനെ പുറന്തള്ളും. പൊക്കത്തിലിരിക്കുന്ന ടാങ്കിലേക്ക് ചായ്ച്ച നിലയില്‍ മുള ഉറപ്പിക്കുകയാണ് ഭൂഗുരുത്വാനുസൃതരീതി.
ഈ പ്രക്രിയ ആരംഭിച്ച് അരമണിക്കൂറിനകം രാസദ്രാവകം മറ്റേ അറ്റത്തു കൂടി പുറത്തു വരുന്നതു കാണാം. എന്നാല്‍, രാസദ്രാവകം മുളയുടെ എല്ലാ ഭാഗത്തും എത്തിയെന്നുറപ്പിക്കാനായി ഒരു മണിക്കൂര്‍ നേരം ഇതു തുടരുക. തുടര്‍ന്ന് മുളങ്കമ്പുകള്‍ ഉണക്കിയെടുക്കുകയും മഴ കൊള്ളാതെ സൂക്ഷിച്ചു വയ്ക്കുകയും ചെയ്യാം.
4.ഇവാപ്പൊട്രാന്‍സ്പിരേഷന്‍ രീതി:പുതുതായി മുറിച്ച മുള അതിന്‍റെ ശിഖരങ്ങളോടും ഇലകളോടും കൂടി രാസലായനി നിറച്ച ടാങ്കില്‍ കുത്തനെ നിര്‍ത്തുകയാണ് ഇവിടെ ചെയ്യുന്നത്. മുളയുടെ ചുവടുഭാഗം ലായനിയില്‍ മുങ്ങിയിരിക്കണം. ഇലകളില്‍ നടക്കുന്ന സസ്യസ്വേദനപ്രക്രിയ വഴി ടാങ്കിലെ ദ്രാവകം മുളന്തണ്ടിന്‍റെ ഉള്ളിലേക്ക് വലിച്ചെടുക്കപ്പെടുന്നു.
5. വാക്വം പ്രഷര്‍ സമ്പ്രദായം: പച്ചയും ഉണങ്ങിയതുമായ മുളകളില്‍ വന്‍തോതില്‍ രാസികസംസ്കാരം നടത്തേണ്ടി വരുമ്പോള്‍ വാക്വം – പ്രഷര്‍ ട്രീറ്റ്മെന്‍റ് പ്ലാന്‍റ് കൂടുതല്‍ അനുയോജ്യമായിരിക്കും. ഈ സംവിധാനത്തിന്‍റെ ഭാഗമായ വാക്വം-പ്രഷര്‍ അറയില്‍ മുറിച്ച മുളംതണ്ടുകള്‍ അടുക്കി വയ്ക്കാന്‍ സാധിക്കും. ഈ അറയില്‍ നിന്ന് ഒരു വായുനിര്‍ഗമനപമ്പു വഴി വായു പുറത്തു കളയുകയും തുടര്‍ന്ന് ഇവിടേക്ക് രാസലായനി ശക്തമായി നിറയ്ക്കുകയും ചെയ്യുന്നു.

ബോറിക് ആസിഡ്-ബൊറാക്സ് പരിരക്ഷണരീതി അവലംബിച്ച മുളകളില്‍ ബോറോണ്‍ ആഴത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടോയെന്നറിയാനുള്ള മാര്‍ഗം
മുളയുടെ ഉള്‍കോശങ്ങളില്‍ രാസദ്രവ്യം എത്തിചേര്‍ന്നിട്ടുണ്ടോയെന്നറിയുന്നതിന് താഴെപ്പറയുന്ന ലഘുപരീക്ഷണം മതിയാകും.
രാസവസ്തുക്കള്‍
ലായനി 1. 10 ഗ്രാം മഞ്ഞള്‍ 90 മി.ലി. ഇതൈല്‍ ആള്‍ക്കഹോളുമായി ചേര്‍ത്ത്നിഷ്കര്‍ഷണ
പ്രക്രിയയ്ക്കുവിധേയമാക്കണം. ഊറ്റല്‍ വഴി തെളിഞ്ഞ ഒരു ദ്രാവകം ലഭിക്കുന്നു.
ലായനി 2. 20 മി.ലി. ഗാഢ ഹൈഡ്രോക്ലോറിക് അമ്ലം 100 മി.ലി. ഈതൈല്‍ ആള്‍ക്കഹോളില്‍ ചേര്‍ത്ത് നേര്‍പ്പിച്ച ശേഷം സാലിസിലിക് അമ്ലം ചേര്‍ത്ത് പൂരിതമാക്കണം. (ഏതാണ്ട് 13 ഗ്രാം ചേര്‍ക്കേണ്ടി വരും.)
ചെയ്യുന്ന വിധം: മുളയുടെ പ്രതലം നനവില്ലാത്തതും മിനുസവുമായിരുന്നാല്‍ മാത്രമേ പരീക്ഷണഫലം തൃപ്തികരമായിരിക്കുകയുള്ളു. ലായനി 1, ഒരു ഡ്രോപ്പര്‍ ഉപയോഗിച്ച് മുളയുടെ ഉപരിതലത്തില്‍ വീഴ്ത്തിയശേഷം ഏതാനും മിനിറ്റുകള്‍ ഉണങ്ങാന്‍ അനുവദിക്കുക. തുടര്‍ന്ന് ലായനി 2 ഇതേ സ്ഥാനത്തു തന്നെ വീഴ്ത്തുക. ഇപ്പോള്‍ ഈ ഭാഗം മഞ്ഞനിറമായി മാറും. മേല്‍പ്പറഞ്ഞ വിധം പരിരക്ഷണത്തിനു വിധേയമായിട്ടുണ്ടെങ്കില്‍ ഈ മഞ്ഞനിറം മാറി ചുവപ്പാകുന്നതായി കാണാം. ബൊറോണിന്‍റെ സാന്നിധ്യം ഇങ്ങിനെ ഉറപ്പിക്കുന്നു.

Additional information

cat